2018 ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

പെണ്ണുങ്ങളറിയാൻ


ഗർഭപാത്രം മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ല
കേരളത്തിലിപ്പോൾ കുഞ്ഞുകുട്ടിപരാധീനങ്ങളെല്ലാം പറഞ്ഞോണ്ടു നടക്കുന്ന വാക്കാണ് "ആർത്തവം'' ഇത് ഗർഭപാത്രത്തിന്റെ മാത്രം പണിയല്ല. അണ്ഡാശയങ്ങൾ ഉല്പാദിപ്പിക്കുന്ന രണ്ട് കരുത്തുറ്റ ഹോർമോണുകൾ അതുല്യ സാമർത്ഥ്യമുള്ള ഈസ്ട്രജനും പക്വമതിയായ പ്രോജസ് ട്രോണും ഇവരെ നിയന്ത്രിക്കാൻ തലച്ചോറിലെ ഹൈപ്പോതലാമിസിന്റെ നിർദ്ദേശത്തിൽ പിറ്റ്റ്റൂട്ടറി ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ലുട്ടി നൈസിംഗ് ഹോർമോണും ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോണും ഈ 4 പേരുടെ ഏകോപനത്തോടെയുള്ള പ്രവർത്തനമാണ് ഓരോ ആർത്തവത്തിന്റെയും പിന്നിൽ. ഇത്ര താളാത്മകമായ ഒരു പ്രവർത്തനവും ശരീരത്തിലില്ല. ഒരു പ്രത്യേക കാലയളവിൽ [ ഋതുവിൽ ] സംഭവിക്കുന്നതുകൊണ്ടാണ് ആ പേര് കിട്ടിയത് "ഋതുമതി" എത്ര സുന്ദരമാണ് ആ വാക്ക്
ഗർഭപാത്രം, ആർത്തവം, പ്രസവം, മുലയൂട്ടൽ ഇതെല്ലാം പ്രകൃതി സ്ത്രീക്കു നൽകിയ വരദാനങ്ങളാണ്.ഒരു ഹോർമോൺ കൊണ്ട് തൃപ്തിപ്പെടുന്ന പുരുഷനേക്കാൾ എത്രയോ ശക്തയാണവൾ " സംഘാതേ " കൂട്ടിച്ചേർക്കുന്നത് എന്നർത്ഥമുള്ള ധാതുവിൽ നിന്നാണ് സ്ത്രീ ശബ്ദം ഉണ്ടായിരിക്കുന്നത്
അണ്ഡത്തേയും ബീജത്തേയും കൂട്ടിച്ചേർ കുന്നവൾ, ഒരു കുടുംബത്തെ മുഴുവൻ കൂട്ടിച്ചേർക്കുന്നവൾ.. ഒരു സ്ത്രീ ജന്മത്തിൽ 400-500 അണ്ഡങ്ങൾ മാത്രമാണവളുടെയുള്ളിലുണ്ടാവുക. ഒര ണ്ഡത്തിനോടൊട്ടിച്ചേരാൻ കോടി ക്കണക്കിന് ബീജങ്ങളാണോടിയെത്തുക മാരത്തോൺ ജയിച്ചെത്തുന്ന ഒരാൾ അണ്ഡത്തിന്പുൽകുമ്പോൾ പുതിയ പ്രജയുടെ തുടക്കമായി
ഇത്ര മഹത്തായ പ്രവൃത്തി ചെയ്യുന്ന സ്ത്രീ രണ്ടാം തരമാണെന്നു സമ്മതിച്ചു കൊടുക്കുന്നത് ഊളത്തരമല്ലേ പെണ്ണുങ്ങളേ? അതിനു തയ്യാറാകാത്ത കുറേയേറെപ്പേർ ഈ നാട്ടിലുണ്ടാ'കാതെ തരമില്ല

ഇടതുപക്ഷത്തോടു പറയാനുള്ളത്

നിങ്ങളിപ്പോൾ തുടങ്ങിയ നവോത്ഥാന ക്ലാസ്സുകൾ എന്നേ തുടങ്ങേണ്ടിയിരുന്നു! കേരളത്തിലെ ഭൂരിപക്ഷം കോളേജുകളിലും യൂണിവേഴ്സിറ്റികളിലും യൂണിയൻ ഭരിക്കുന്നത് SFI വിദ്യാഭ്യാസ കാലം കഴിയുന്നതോടെ എന്താണിവരുടെ അവസ്ഥ?
കെ ജി ഒ എ യിലും കെ എസ് ടി.എയിലും എൻജിയോ യൂണിയനിലുമൊക്കെ അംഗങ്ങളായവരെല്ലാം കമ്മ്യൂണിസ്റ്റ് ആശയങ്ങളുള്ളവരാണെന്ന് ചിന്തിക്കാനുള്ള മൗഢ്യമൊന്നും നേതാക്കൾക്കില്ലെന്നറിയാം
ഒഴുക്കിനെതിരേ നീന്തണ്ട എന്ന് ചിന്തിക്കുന്നവരേറെയുണ്ട്. വിരട്ടൽ കൊണ്ടോ ഒഴിഞ്ഞു മാറാൻ വയ്യാത്തതു കൊണ്ടോ ദേശാഭിമാനി വരിക്കാരാകുന്നവരിൽ പകുതിപ്പേർ പോലും അത് വായിക്കുന്നുണ്ടോ?
സഖാക്കളെ,
കൂടുതൽ ജാഗരൂകരാകുക
മതനിരപേക്ഷമായ ഒരു നാട്ടിൽ ജീവിക്കാൻ വല്ലാത്ത ആഗ്രഹം. നിങ്ങൾ മാത്രമാണ് പ്രതീക്ഷ

2018 ഒക്‌ടോബർ 7, ഞായറാഴ്‌ച

ശനി ശിന്നാപ്പൂർ

വാതിലുകളും പൂട്ടുകളുമില്ലാത്ത വീടുകളുള്ള, അടയ്ക്കാന്‍ തട്ടുകളോ ഷട്ടറുകളോ ഇല്ലാത്ത കടകളുള്ള, മോഷണങ്ങളില്ലാത്ത ഒരു നാടിനെക്കുറിച്ചു കേട്ടിട്ടുണ്ടോ.. ഇല്ലെങ്കില്‍ അതാണ് ശനി ഷിങ്ഗ്നാപ്പൂര്‍. വിശ്വാസത്തിന്റെ കരുത്തില്‍ മാത്രം ഒരു ജനത ജീവിക്കുന്നയിടം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലാണ് ശനി ഷിങ്ഗ്നാപ്പൂര്‍. ഷിര്‍ഡിയില്‍ നിന്ന് ഏതാണ്ട് 75 കിലോമീറ്റര്‍ ദൂരെ. ഇവിടെ ജനങ്ങളുടെ സംരക്ഷണത്തിന് ഗ്രാമദേവനായി ശനീശ്വരനുണ്ട് എന്നാണ് വിശ്വാസം. ശനീശ്വരന്‍ കണ്ണു തുറന്നിരിക്കുന്ന കാലത്തോളം ഇവിടെ നിന്ന് ഒന്നും മോഷണം പോവില്ലെന്ന് ഗ്രാമവാസികള്‍ വിശ്വസിക്കുന്നു.  ഗ്രാമവാസികളുടെ ഈ വിശ്വാസത്തിന് 400 വര്‍ഷത്തെ പഴക്കമുണ്ട്. ഒരു വിശ്വാസം എങ്ങിനെയാണ് ഒരു നാടിന്റെ സംസ്‌കൃതിയെ തന്നെ അടയാളപ്പെടുത്തുന്നത് എന്നതിന്റെ മകുടോദാഹരണമാണ് ഷിങ്ഗ്‌നാപ്പൂര്‍. ഭിത്തികളില്ലാത്ത തുറന്ന ശ്രീകോവിലിലെ ശനീശ്വരപ്രതിഷ്ഠയ്ക്കരികില്‍ വരാന്‍ സ്ത്രീകള്‍ക്കുള്ള വിലക്കിനും 400 വര്‍ഷത്തെ പഴക്കമുണ്ട്.

ഇവിടെ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃപ്തിദേശായിയുടെ നേതൃത്വത്തില്‍ ഒരുപറ്റം ആക്റ്റിവിസ്റ്റുകള്‍ കോടതിയെ സമീപിച്ചു. ഇക്കാര്യത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാരിന്റെ വിശദീകരണം ആരാഞ്ഞ കോടതിയോട് 400 വര്‍ഷത്തെ പാരമ്പര്യം ഭരണഘടന അനുശാസിക്കുന്ന തുല്യ അവകാശത്തിനായി മാറ്റുന്നതില്‍ വിരോധമില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. സ്ത്രീപ്രവേശനം കാലോചിതമായ മാറ്റമാണെന്ന് ആര്‍.എസ്.എസും പ്രഖ്യാപിച്ചു. 2016 മാര്‍ച്ച് 30 ന് ഇവിടെ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് മുംബൈ ഹൈക്കോടതി ഉത്തരവ് വന്നു. വലിയൊരു സംഘം യാഥാസ്ഥിതികര്‍ രംഗത്തു വന്നു. തടയല്‍ പ്രഖ്യാപിച്ചു. ശക്തമായ നടപടികളെടുക്കുമെന്ന് ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും തീരുമാനമറിയിച്ചു. ആരും സുപ്രീം കോടതിയിലും പോയില്ല, റിവ്യൂ ഹര്‍ജിയും വേണ്ടി വന്നില്ല. ഓര്‍ഡിനന്‍സും ഇറക്കിയില്ല. ഹൈക്കോടതിയില്‍ തന്നെ പ്രശ്‌നം അവസാനിച്ചു. വിധി വന്ന് ഒന്‍പത് ദിവസത്തിനു ശേഷം ഏപ്രില്‍ 8, 2016 ല്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍, ഇടഞ്ഞു നിന്ന ക്ഷേത്ര ട്രസ്റ്റും സമ്മതമറിയിച്ചു. അങ്ങനെ ഷിങ്ഗ്നാപ്പൂരില്‍ സ്ത്രീസ്വാതന്ത്ര്യത്തിന്റെ മണി മുഴങ്ങി. ഇവിടം സന്ദര്‍ശിക്കുന്ന ഭക്തരുടെ എണ്ണം ഇരട്ടിയായി.  ഇവിടെ ഓരോ ദിവസവും ശരാശരി 40,000 ഭക്തര്‍ സന്ദര്‍ശനത്തിനെത്തുമെന്നാണ് ഏകദേശ കണക്ക്. ഷിങ്ഗ്നാപ്പൂരില്‍ ഇന്നും വാതിലുകളില്ല. പൂട്ടുകളുമില്ല. ശനീശ്വരന്‍ ഇന്നും ഗ്രാമത്തെ കണ്ണിമ വെട്ടാതെ കാക്കുന്നുണ്ട്.

ഇനി ശബരിമലയിലേക്കു വരാം. ശനി ക്ഷേത്രം പോലെ ആചാരങ്ങള്‍ക്ക് പഴക്കമില്ല. ആചാരങ്ങള്‍ ശബരിമലയുടെയോ പരിസരപ്രദേശങ്ങളിലെയോ ജനജീവിതത്തെയോ സംസ്‌കൃതിയേയോ സ്വാധീനിച്ചിട്ടുമില്ല. 1950 വരെ യുവതികളായ സ്ത്രീകള്‍ വരാറുണ്ടായിരുന്നുവെന്നു സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡും തന്ത്രികുടുംബവും സമ്മതിച്ചതു വെച്ചു നോക്കിയാല്‍ ആചാരത്തിന് ഇന്നത്തെ ദിവസം വരെ 68 വര്‍ഷത്തെ പഴക്കം. എന്നിട്ടും പലവട്ടം സ്ത്രീകള്‍ പതിനെട്ടാം പടി കയറിയതായി പത്രവാര്‍ത്തകള്‍. ഒടുവില്‍ 1991 ല്‍ കേരളാ ഹൈക്കോടതി 10-50 വയസിനിടയ്ക്കു പ്രായമുള്ള സ്ത്രീകളെ പതിനെട്ടാം പടി ചവിട്ടുന്നതില്‍ നിന്നു പൂര്‍ണമായും വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കും വരെ ഈ ആചാരം മിക്കവാറും ലംഘിക്കപ്പെടാനുള്ളതു മാത്രമായിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി സുപ്രീം കോടതിയില്‍ നടന്ന വാദമുഖങ്ങള്‍, രാജകുടുംബവും തന്ത്രികുടുംബവും എന്‍എസ്എസും ദേവസ്വം ബോര്‍ഡും മിടുമിടുക്കന്‍മാരായ വക്കീലന്മാരെ വെച്ചു നടത്തിയതൊക്കെ, കേട്ടിട്ടു തന്നെയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം പറഞ്ഞത്. തീരുമാനം വളരെ സിമ്പിളാണ്. ഏതൊരു ആചാരവും ഭരണഘടനയ്ക്കു കീഴെ മതി. ഭരണഘടന ഉറപ്പു നല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ ഒരു ആചാരത്തിന്റെയും പേരില്‍ ലംഘിക്കാനാവില്ല. വ്യക്തിനിയമങ്ങള്‍ ഭരണഘടന അംഗീകരിക്കുന്നുണ്ട്. പക്ഷേ ഹിന്ദു വ്യക്തിനിയമത്തില്‍ സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നില്ല.അതു കൊണ്ട് ശബരിമലയില്‍ അവരെ തടയാനാവില്ല. അതായത് ശബരിമലയില്‍ സ്ത്രീപ്രവേശനം ഭരണഘടനാപരമായി നിഷേധിക്കണമെങ്കില്‍ ഒരു പ്രത്യേക അയ്യപ്പമതം രൂപപ്പെടുത്തേണ്ടി വരും എന്നു സാരം.

സുപ്രീം കോടതിയിലെ ഏറ്റവും പരമോന്നതമായ ബെഞ്ചായ ഭരണഘടനാബെഞ്ചിന്റെ വിധി നടപ്പാക്കാനുള്ള ധാര്‍മ്മിത ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ എടുത്ത അതേ നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ കേരളാ സര്‍ക്കാരും എടുത്തത്. എന്നാല്‍ ഇവിടെ വിശ്വാസം നാറിയ രാഷ്ട്രീയമാകുന്ന കാഴ്ചയാണ് അടുത്ത ദിവസങ്ങളില്‍ കണ്ടത്. ബ്രാഹ്മിണിക്കല്‍ മേധാവിത്വം തിരികെ കൊണ്ടുവരാനാഗ്രഹിക്കുന്ന തന്ത്രികുടുംബവും അധികാരം പോയ പഴയൊരു രാജകുടുംബവും ബ്രാഹ്മണിസത്തിന്റെ കാല്‍നക്കിയ തലമുറകളുടെ ശീലം മറക്കാത്ത ചില സമുദായ നേതാക്കളും ചേര്‍ന്ന് ഗൂഢാലോചന നടത്തി ജനാധിപത്യത്തെ അട്ടിമറിക്കാന്‍, ഭരണഘടനയെ അട്ടിമറിക്കാന്‍, പരമോന്നത കോടതിവിധിയെ അട്ടിമറിക്കാന്‍, കലാപങ്ങളുണ്ടാക്കാന്‍ ജനങ്ങളെ പ്രകോപിപ്പിക്കുന്ന കാഴ്ച. അടിമച്ചങ്ങലകളണിഞ്ഞ സ്ത്രീകളെ നിരത്തിലിറക്കുന്ന കാഴ്ച. ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റുകള്‍ക്കെതിരെയും സിമി പോലുള്ള സംഘടനകള്‍ക്കെതിരെയും ചുമത്തുന്ന ശക്തമായ നിയമങ്ങളുപയോഗിച്ച് ഈ ഗൂഢാലോചകരെ തുറങ്കിലടയ്ക്കുകയാണ് വേണ്ടത്. ജനാധിപത്യത്തെയും നിയമവാഴ്ചയേയും പരമോന്നത നീതിപീഠത്തെയും സംരക്ഷിക്കാന്‍ ശക്തമായ നടപടികളുണ്ടാവുകയാണ് വേണ്ടത്.