മേലനങ്ങി പണി ചെയ്യുന്ന എല്ലാവരേയും നികൃഷ്ട ജാതിയാക്കിയ ഒരു സംസ്ക്കാര ത്തെ കാൽച്ചുവട്ടിലാക്കാൻ ഇംഗ്ലീഷുകാരന് അധികം ബുദ്ധിയും തന്ത്രവും ഒന്നും പ്രയോഗിക്കേണ്ടി വന്നില്ല.
ശാരീരിക അധ്വാനത്തെ അവമതിച്ചു എന്നതാണ് ആർഷ ഭാരതസംസ്ക്കാരം തലമുറകളോട് ചെയ്ത ഏറ്റവും വലിയ ക്രൂരത.
അതിവിദഗ്ദ്ധമായ കൈവിരുതും കലാവിരുതും സമ്മേളിപ്പിച്ച് സുന്ദരമായ മൺ കുടങ്ങളും കലങ്ങളും നിർമ്മിച്ചവൻ വെറും കൊശവൻ.
മഹാക്ഷേത്രങ്ങളും കൊട്ടാരങ്ങളും തീർത്ത് അതിശയിപ്പിച്ച തച്ചൻ ജാതിയിൽ നീചൻ.
വെട്ടിത്തിളങ്ങുന്ന സ്വർണ്ണാഭരണങ്ങൾ മെനഞ്ഞ തട്ടാൻ പിന്നോക്ക ജാതി.
ഇരുമ്പുപണിക്കാരൻ ജാതിയിൽ വെറും തുരുമ്പ്.
കോടിയ ചളുങ്ങിയ നമ്മുടെ മുഖങ്ങളെ മിനുക്കി പഞ്ചാരകുട്ടപ്പന്മാരാക്കുന്ന ബാർബർ മ്ലേച്ഛൻ, മലയാള സിനിമയിലെ സ്ഥിരം പരിഹാസ പാത്രം.
മണ്ണിൽ പണിയെടുത്ത് നൂറുമേനി കാർഷിക വിപ്ളവം നടത്തിയ പുലയൻ ദൃഷ്ടിയിൽ പെട്ടാൽ പോലും ദോഷമുള്ളവൻ.
ഒന്നാന്തരം വട്ടിയും കുട്ടയും നെയ്ത് നാട്ടുകാരുടെ ജീവിതം സൂഖപ്രദമാക്കിയ പറയൻ അധ:കൃതരിൽ അധ:കൃതൻ.
അധ്വാനിക്കുന്ന എല്ലാ മനുഷ്യരേയും ഹീനജാതിയാക്കി മാറ്റിയ ഭാരതീയ സംസ്കാരത്തെ എന്തുജോലിയും ചെയ്യാൻ മടിയില്ലാത്ത സായിപ്പ് വലിയ ബുദ്ധിമുട്ടൊന്നു മില്ലാതെ കോളനിയാക്കി.
ഇന്ത്യ ഇന്നും പിന്നോക്കാവസ്ഥയിൽ തുടരാനുള്ള ഒരു കാരണം വിയർപ്പൊഴുക്കി ജോലി ചെയ്യുന്നവരോടുള്ള പരിഹാസവും പൂച്ഛവും വെറുപ്പുമാണ്.
കല്പണിക്കാരനും കവിക്കും ഒരേ പരിഗണന കിട്ടാത്ത ഒരു സംസ്ക്കാരത്തേയും
ശ്രേഷ്ഠമെന്ന് വിളിക്കാനാവില്ലെന്ന് ബുക്കർ ടി വാഷിംഗ് ടൺ പറഞ്ഞത് ഒരു പക്ഷെ ഇന്ത്യയെ നിരീക്ഷിച്ചിട്ടായിരിക്കണം.
- എം.എൻ.കാരശ്ശേരി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ