2018 സെപ്റ്റംബർ 23, ഞായറാഴ്‌ച

നിചികേതസ്

ഭാരതീയദർശനത്തിലെ പ്രഖ്യാതരചനകളായ ഉപനിഷത്തുകളിൽ ഒന്നാണ് കഠോപനിഷത്ത്.നചികേതസ്സ് എന്ന ബാലനും മൃത്യുദേവനായയമനും തമ്മിലാണ് സംഭാഷണമാണ് പ്രമേയം.
പുണ്യം കാംക്ഷിച്ച് അച്ഛനായ വാജശ്രവസ് "കുടിക്കേണ്ട വെള്ളമെല്ലാം കുടിച്ചു കഴിഞ്ഞ,തിന്നേണ്ട പുല്ലെല്ലാം തിന്നു കഴിഞ്ഞ,തരാനുള്ള പാലെല്ലാം തന്നുകഴിഞ്ഞ, ഈ പശുക്കളെ ദാനം ചെയ്യുന്നുതുകണ്ട് പിതാവിനോട് ചോദിച്ചു "എന്നെ ആർക്കാണ് ദാനം ചെയ്യാൻ പോകുന്നത്?" ചോദ്യം മൂന്നു വട്ടം ആവർത്തിച്ചപ്പോൾ കോപിഷ്ഠനായ വാജശ്രവസ്, "നിന്നെ മൃത്യുവിന് കൊടുക്കാൻ പോകുന്നു" എന്ന് മറുപടി പറഞ്ഞു. അതുകേട്ട്, "ഞാൻ പലർക്കും മുൻപനും കുറച്ചുപേർക്കു മാത്രം പിൻപനും ഒരിടത്ത്  ഏറ്റവും മോശമല്ലാത്തവനും ആയതുകൊണ്ട്, മൃത്യുവിന് എന്നെക്കൊണ്ട് എന്തെങ്കിലും സാധിക്കാനുണ്ടായിരിക്കാം" എന്നു പറഞ്ഞു കൊണ്ട് അച്ഛന്റെ വാക്ക് പാലിക്കാന്‍ നചികേതസ് മൃത്യു ലോകത്തേക്ക് യാത്രതിരിച്ചു

യമൻ ഇല്ലാത്തപ്പോൾ മൃത്യുലോകെത്തെത്തിയ നചികേതസ്സ്, മൂന്നു ദിനരാത്രങ്ങൾ മുഴുപ്പട്ടിണിയിൽ അവിടെ കഴിഞ്ഞു. തിരികെയെത്തിയ യമൻ, മൂന്നു ദിവസത്തെ അവഗണനക്ക് പരിഹാരമായി ഇഷ്ടമുള്ള മൂന്നു വരങ്ങൾ ചോദിക്കാൻ നചികേതസ്സിനെ അനുവദിച്ചു. യമലോകത്തുനിന്ന് മടങ്ങിച്ചെല്ലുന്ന തന്നെ അച്ഛൻ, കോപമകന്ന് സ്നേഹപൂർവം സ്വീകരിക്കാൻ ഇടയാകണമെന്നാണ് നചികേതസ് ആദ്യവരമായി ചോദിച്ചത്. യമൻ അത് അനുവദിച്ചു. ജരാമരണങ്ങൾ ഇല്ലാത്ത സ്വർഗം പ്രാപിക്കാനുള്ള യാഗത്തിന്റെ വിദ്യ പഠിപ്പിക്കാനാണ് രണ്ടാം വരമായി നചികേതസ്സ് ആവശ്യപ്പെട്ടത്. മൃത്യു നചികേതസ്സിനെ അത് പഠിപ്പിച്ചുവെന്നു മാത്രമല്ല, ആ വിദ്യയുടെ നാളം ഇനിമേൽ നചികേതസ്സ് എന്നറിയപ്പെടുമെന്നു കൂടി അവനോടു പറഞ്ഞു.

മരിച്ചുകഴിഞ്ഞ മനുഷ്യർ "ഉണ്ട്" എന്ന് ചിലരും "ഇല്ലാതായി" മറ്റു ചിലരും പറയുന്നു. ഇതിന്റെ പരമാർത്ഥം പറഞ്ഞു തരാനാണ് മൂന്നാം വരമായി നചികേതസ്സ് ആവശ്യപ്പെട്ടത്. ദേവന്മാർ പോലും തർക്കിക്കുന്ന ഈ വിഷയത്തിന്റെ നിയമങ്ങൾ സങ്കീർണ്ണമായതു കൊണ്ട്, അതിനു പകരം മറ്റെന്തെങ്കിലും ചോദിക്കാൻ ആവശ്യപ്പെടുകയാണ് യമൻ അപ്പോൾ ചെയ്തത്. ദൈവങ്ങൾ പോലും തർക്കിക്കുന്ന വിഷയമാണെങ്കിൽ, അത് അറിയേണ്ടത് കൂടുതൽ ആവശ്യമാണെന്നും പഠിപ്പിക്കാൻ യമനേക്കാൾ യോഗ്യനായ ഗുരുവിനെ തനിക്ക് കിട്ടാനില്ലെന്നും നചികേതസ്സ് മറുപടി പറഞ്ഞു. ജനിമൃതികളുടെ രഹസ്യത്തിനു പകരമായി ദീർഘായുഷ്മാന്മാരായ മക്കളെയോ, പേരക്കിടാങ്ങളെയോ, സ്വർണ്ണമോ, അശ്വങ്ങളോ, സമ്പത്സമൃദ്ധമായ രാജ്യമോ, നിത്യം സേവിക്കുന്ന സുന്ദരിമാരെയോ ആവശ്യപ്പെടാൻ യമൻ നചികേതസ്സിനെ പിന്നെയും നിർബ്ബന്ധിച്ചു. ഇന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന ആനന്ദം മരണത്തോടെ കലാശിക്കുമെന്നും സമ്പത്തുകൊണ്ട് ഒരിക്കലും സംതൃപ്തി കൈവരിക്കാനാവില്ലെന്നുമിരിക്കെ, യമൻ വച്ചു നീട്ടിയ ഇതര സമ്മാനങ്ങളൊന്നും തനിക്കു വേണ്ടെന്നും മരണത്തിനപ്പുറത്തുള്ള ജീവിതത്തെക്കുറിച്ചുള്ള തന്റെ ജിജ്ഞാസ തീർത്തു തന്നാൽ മാത്രം മതിയെന്നും നചികേതസ്സ് ശഠിച്ചു.

ഒടുവിൽ യമൻ നചികേതസ്സിനു വഴങ്ങി. ഒറ്റനോട്ടത്തിൽ ആകർഷണീയമായി കാണപ്പെടുന്നവയെ അവഗണിച്ച് ശ്രേയസ്കരമായതിനു വേണ്ടി (പ്രേയത്തിനു പകരം ശ്രേയത്തെ) വാശിപിടിച്ച നചികേതസ്സ്, അജ്ഞതയ്ക്ക് പകരം അറിവിനെ സ്വീകരിക്കുകയാണ് ചെയ്തതെന്ന് യമൻ പുകഴ്ത്തി. സ്വന്തം ദൃഷ്ടിയിൽ ബുദ്ധിമാന്മാരായിരിക്കെ സമ്പത്തിന്റെ മായാജാലത്തിൽ കുടുങ്ങിക്കഴിയുന്നവരാണ് മിക്കവരും. യുക്തിചിന്തകൊണ്ട് എത്തിപ്പെടാ വുന്നതല്ല ആത്മതത്ത്വത്തെക്കുറിച്ചുള്ള ജ്ഞാനം. അറിവുള്ള മറ്റൊരാളിൽ നിന്ന് കേട്ടാലേ അത് ഗ്രഹിക്കാനാവൂ. കേട്ടാൽ പോലും മനസ്സിലാക്കാൻ കഴിവുള്ളവർ ചുരുക്കമാണ്. "നിന്നെപ്പോലുള്ള ഒരന്വേഷകനെ എനിക്ക് എന്നും കിട്ടാൻ ഇടയായിരുന്നെങ്കിൽ" എന്നുപോലും യമൻ പറഞ്ഞു. യാഥാർത്ഥ്യത്തിന്റെ ഹൃദയത്തിലെ അദൃശ്യബിന്ദുവിൽ മറഞ്ഞിരിക്കുന്ന ആത്മതത്ത്വത്തെ കണ്ടെത്തുന്ന സ്ഥിരപ്രജ്ഞൻ സുഖദുഃഖങ്ങളെ കടന്നുപോകുന്നു. സൂക്ഷ്മതത്ത്വത്തെ പ്രാപിച്ച് അവൻ ആനന്ദിക്കുന്നു. 

ധർമ്മാധർമ്മങ്ങളേയും,സ്രഷ്ടാസൃഷ്ടങ്ങളേയും, കാലങ്ങളേയും അതിലംഘിച്ചു നിൽക്കുന്നതെന്താണെന്ന നചികേതസിന്റെ ചോദ്യത്തിനു മറുപടിയായി, വേദങ്ങളുടെ ഇരിപ്പിടവും വിഷയവും എല്ലാ പുണ്യജീവിതത്തിന്റേയും ലക്ഷ്യവുമായിരി ക്കുന്നത് സംഗ്രഹിച്ചു പറഞ്ഞാൽ 'ഓം' ആണെന്ന് യമൻ പറഞ്ഞു. അതു തന്നെയാണ് പരമമായ ബ്രഹ്മം. ഈ അക്ഷരം അറിയുന്നവന് എല്ലാം ഇച്ഛകളും പ്രാപ്യമാണ്. ഏറ്റവും നല്ലതും പരമവുമായ അവലംബം ഇതാണ്; ഇതറിയുന്നവൻ ബ്രഹ്മലോകത്തിൽ മഹത്ത്വം പ്രാപിക്കുന്നു. സർവജ്ഞാനമായ ആത്മാവ് ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. അത് ഒരിടത്തുനിന്നും വന്നതല്ല. അത് ആരുമല്ല. പുരാതനവും നിത്യവുമാണത്. അത് കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നില്ല.  ആസനസ്ഥമായിരിക്കുമ്പോൾ അത് അതിദൂരം സഞ്ചരിക്കുന്നു. ശയിക്കുമ്പോൾ എല്ലായിടത്തും എത്തുന്നു. ആത്മതത്ത്വത്തെ വാചാലമായ പ്രബോധനത്തിൽ നിന്നോ, ബുദ്ധിയെ ആശ്രയിച്ചോ കണ്ടെത്താനാവില്ല. അത് തെരഞ്ഞെടുക്കുന്നവർക്ക് സ്വയം വെളിപ്പെടുത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ